കോഴികളുടെ തൂക്കം കൂട്ടാന്‍ മന്തുരോഗികളുടെ സിറമെന്ന് പ്രചാരണം: ആഘോഷങ്ങള്‍ക്ക് രുചി പകര്‍ന്നിരുന്ന കോഴിയിറച്ചിയോട് ആളുകള്‍ക്ക് പ്രിയം കുറയുന്നു. കോഴിബിരിയാണിക്ക് പകരം മീന്‍ ബിരിയാണിയാണ് മലബാറിലെ കല്യാണങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ഇപ്പോള്‍ വിളമ്പുന്നത്. കോഴിക്ക് തൂക്കം കൂട്ടാന്‍ മന്തുരോഗികളുടെ സിറം കുത്തിവെക്കുന്നെന്ന പ്രചാരണമാണ് കോഴിവിപണിയെ വല്ലാതെ തളര്‍ത്തിയിരിക്കുന്നത്. മാസങ്ങളായി ഇത്തരത്തില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ കോഴിവില്‍പ്പനയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ലെങ്കിലും കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ നാട്ടിന്‍പുറങ്ങളില്‍ കോഴിയിറച്ചി വില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ഓള്‍ കേരള ചിക്കന്‍ മര്‍ച്ചന്‍റ്‌സ് അസോസിയേഷന്‍ പറയുന്നു. വടകര, നാദാപുരം, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, കാക്കൂര്‍, കക്കട്ട്, ഇരിങ്ങണ്ണൂര്‍ തുടങ്ങി കോഴിക്കോട് ജില്ലയിലെ വിവിധ ഉള്‍പ്രദേശങ്ങളില്‍ കോഴിയിറച്ചിയുടെ വില്‍പ്പന കുറഞ്ഞെ ന്നുമാത്രമല്ല, ചിലയിടങ്ങളിലെ ചിക്കന്‍ സ്റ്റാളുകള്‍ വില്‍പ്പന ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടേണ്ടിയും വന്നു. കഴിഞ്ഞ രണ്ട് മാസമായി നടന്ന കല്യാണങ്ങളോടനുബന്ധിച്ച് തലേദിവസത്തെ വിരുന്നിന് കോഴി ബിരിയാണി നല്‍കാന്‍ തീരുമാനിച്ചവര്‍ക്ക് മീന്‍ബിരിയാണിയിലേക്ക് മാറേണ്ടിവന്നു. കോഴി കിലോക്ക് 60 മുതല്‍ 70 രൂപ വിലയ്ക്ക് ലഭിക്കുബോള്‍ കിലോക്ക് 280 മുതല്‍ 300 രൂപ വരെ നല്‍കി അയക്കൂറ ബിരിയാണിയാണ് പലരും നല്‍കിയത്. മന്തുരോഗത്തിന്റെ സിറം കുത്തിവെക്കുന്നെന്ന പ്രചാരണം കോഴിയിറച്ചിയോട് അറപ്പുളവാക്കിയതാണ് ഈ മാറ്റത്തിന് കാരണമായത്. ഫലത്തില്‍ കല്യാണത്തിന് വീണ്ടും ചെലവേറുന്ന സ്ഥിതിയായി. മീന്‍ബിരിയാണി ഒരുക്കുന്നതിന് ഇരട്ടിയോളം വരുന്ന ചെലവ് താങ്ങാനാവാതെ ചില വീടുകളില്‍ കോഴിബിരിയാണി തന്നെ നല്‍കിയപ്പോള്‍ പലരും പല കാരണം പറഞ്ഞ് ഭക്ഷണം കഴിക്കാതെ മുങ്ങുന്ന അവസ്ഥയായി. ബോധപൂര്‍വം ചില കേന്ദ്രങ്ങളില്‍നിന്നുള്ള തെറ്റായ പ്രചാരണമാണ് കോഴിയിറച്ചിയോട് ആളുകള്‍ക്ക് വെറുപ്പുളവാക്കിയതെന്നു ഓള്‍ കേരള ചിക്കന്‍ മര്‍ച്ചന്‍റ്‌സ് അസോസിയേഷന്‍ പറയുന്നു. കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ഫ്രോസണ്‍ ചിക്കന്‍കമ്പനികള്‍, മത്സ്യക്കച്ചവടക്കാര്‍ തുടങ്ങിയവരാണ് ഇതിന് പിന്നിലെന്ന് അസോസിയേഷന്‍ കരുതുന്നു. കോഴിയിറച്ചിയുടെ വില്‍പ്പന കുറഞ്ഞിട്ടുണ്ടെങ്കിലും വില കാര്യമായി കുറഞ്ഞിട്ടില്ല. വയനാട്ടിലാകട്ടെ, കോഴിക്ക് കിലോക്ക് എണ്‍പത് രൂപയും ഇറച്ചിക്ക് കിലോക്ക് നൂറ്റി ഇരുപതു രൂപയുമാണ് ഇപ്പോള്‍ വില. അറുപതും നൂറും എന്ന തോതില്‍ വിലയുള്ള ഉള്‍ നാടുകളും ഇല്ലാതില്ല. അതേസമയം, തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും പ്രതിദിനം കേരളത്തിലേക്ക് കോഴിയുമായി വരുന്ന ലോറികളുടെ എണ്ണം പകുതിയായി. തമിഴ് നാട്ടില്‍ കിലോക്ക് മുപ്പതും മുപ്പത്തഞ്ചും രൂപയ്ക്കു കിട്ടുന്ന കോഴി കേരളത്തില്‍ തീ വിലക്ക് വിറ്റു സമ്പാദിച്ചവര്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഉറച്ചു നില്‍ക്കുകയാണ്. ഓള്‍ കേരള ചിക്കന്‍ മര്‍ച്ചന്‍റ്‌സ് അസോസിയേഷന്‍ മുന്‍ കൈയെടുത്ത് ബിസിനസ് തകരാതിരിക്കാന്‍ ആവുന്ന തന്ത്രങ്ങള്‍ ആവിഷ്കരിച്ചു കഴിഞ്ഞു. കോഴിയിറച്ചിക്കെതിരെ വ്യാജപ്രചാരണം നടക്കുകയാണെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോഴിക്കച്ചവടക്കാര്‍ ഇപ്പോള്‍ പലയിടങ്ങളിലും ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വടകര, നരിക്കുനി, താമരശ്ശേരി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വെറ്ററിനറി സര്‍വകലാശാലയിലെ ഡീന്‍ ഡോ. ലിയോ ജോസഫ് ഉള്‍പ്പെടെയുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ക്ലാസുകള്‍ നടത്തി. വയനാട്ടില്‍ ഡോക്ടര്‍ രാധമ്മ പിള്ളയും പ്രചാരണ രംഗത്തുണ്ട്. എന്തായാലും കോഴിയിറച്ചിയുടെ ഭാവി തുലാസ്സിലാണ്.
Tuesday, 3 January 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment